പുതിയ സന്ദര്‍ശകര്‍ തുടക്കം മുതല്‍ വായിക്കുക

2013 ജൂൺ 11, ചൊവ്വാഴ്ച

ആരാണീ വിവരന്മാര്‍?

  "ആരാണീ വിവരന്മാര്‍?" 
ഗഫൂര്‍ക്കയുടെ കടയില്‍ വിവരമില്ലാത്തവന്‍ ഒരു ചായയും ചിഞ്ചുമോള്‍ ഒരു കാപ്പചീനോയും ഓര്‍ഡര്‍ ചെയ്തിട്ട് വെയ്റ്റ് ചെയ്യുന്ന സമയത്ത് ചിഞ്ചുമോള്‍ ചോദിച്ചതാണ്. ചിഞ്ചുമോള്‍ അങ്ങനെയാണ് ചിലപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ചോദ്യങ്ങള്‍ എറിഞ്ഞുകളയും. ആരുടെ മുന്നിലും.

ചോദ്യം കേട്ട ഗഫൂര്‍ക്ക ഉടനെ ഇടപ്പെട്ടു.
 "ന്‍റെ മോളെ, മോള്‍ക്ക്‌ വല്ലതും അറിയാന്ണ്ടെങ്കില്‍ ഈ ഗഫൂര്‍ക്കാനോട് ചോയിച്ചാ പോരെ? ഈ വിവരല്ലാത്തോനോട് ചോയിച്ച് വെറുതേയെന്തിനാണ് സമയം കളയ്ണത്?"

അത് ചിഞ്ചുമോള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. 
"ഗഫൂര്‍ക്ക എന്‍റെ കാര്യത്തില്‍ ആവശ്യമില്ലാതെ ഇടപെടരുത്" ചിഞ്ചുമോള്‍ ഒന്നു തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു.

അല്ലെങ്കിലും ഗഫൂര്‍ക്കയെന്തിനാണ് ഈ കൊച്ചിന്‍റെ കാര്യത്തില്‍ എപ്പോഴും ഇങ്ങനെ ഇടപെടുന്നത് എന്ന് പലരും മുന്‍പ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

ചിഞ്ചുമോള്‍ കാപ്പചീനോ കുടിയ്ക്കാന്‍ വരുന്ന സമയത്ത് സ്ഥിരമായി കടയില്‍ പത്രം വായിക്കാന്‍ വന്നിരുന്ന പയ്യന്‍സ് ആണ് ആ സംശയം ആദ്യം പ്രകടിപ്പിച്ചത്. പക്ഷെ പയ്യന്‍സിന് ചിഞ്ചുമോള്‍ കടയില്‍വരുന്ന ദിവസങ്ങളില്‍ മാത്രമേ ലോകവാര്‍ത്തകളില്‍ താത്പര്യം ജനിക്കാറുള്ളൂ എന്നു കണ്ടെത്തിയ ബാര്‍ബര്‍ ബാലനടക്കം ഈ സംശയം തള്ളിക്കളഞ്ഞിരുന്നു. 

കഴിഞ്ഞ മാസമാണ് ചിഞ്ചുമോള്‍ ആദ്യമായി ഈ നാട്ടില്‍ കാലുകുത്തുന്നത്. കാലുകുത്തി നാലാം ദിവസം ചിഞ്ചുമോള്‍ ഗഫൂര്‍ക്കയുടെ കടയില്‍ കയറി കാപ്പചീനോ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ആരും വിചാരിച്ചതല്ല ആ ഓര്‍ഡര്‍ ഗഫൂര്‍ക്ക എടുക്കുമെന്നോ ഇതൊരു പതിവായി മാറുമെന്നോ ഒന്നും. ആദ്യത്തെ ഓര്‍ഡര്‍ കയ്യില്‍ കിട്ടാന്‍ ചിഞ്ചുമോള്‍ക്ക് ഒരു ദിവസം വെയിറ്റ് ചെയ്യേണ്ടിവന്നു എങ്കിലും സാധനം കൃത്യമായിത്തന്നെ കിട്ടി.

ഇതറിഞ്ഞ കണ്ണന്‍ മുതലാളിയാണ് രണ്ടാമത് സംശയം പ്രകടിപ്പിച്ചത്. കണ്ണന്‍ മുതലാളിയെ കുറ്റം പറയാന്‍ പറ്റില്ല. കാരണം കണ്ണന്‍ മുതലാളി പണ്ട് സിങ്കപ്പൂരില്‍ പോയി വന്ന സമയത്ത് ഗഫൂര്‍ക്കയോട് ചോദിച്ചതാണ് എല്ലാ ദിവസവും രാവിലെ ഓരോ ഐറിഷ് കോഫി ഉണ്ടാക്കിത്തരാന്‍ പറ്റുമോ എന്ന്. ഗഫൂര്‍ക്ക അന്ന് ഒരു മുതലാളിയോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെ മുഖത്തു നോക്കിപ്പറഞ്ഞു പറ്റില്ലെന്ന്. ഐറിഷ് കോഫി കുടിക്കാന്‍ പറ്റാത്ത കണ്ണന്‍ മുതലാളി ആ വിഷമം ഇന്നും ചില പ്രഭാതങ്ങളില്‍ വേദനയോടെ ഓര്‍ക്കാറുണ്ട്. അപ്പോഴാണ് ഇന്നലെ വന്ന ഒരു പെങ്കൊച്ചിനു കാപ്പചീനോ കുടിയ്ക്കാന്‍ വേണ്ടി ഗഫൂര്‍ക്ക വണ്ടിയെടുത്തു പോയി തപ്പിത്തിരഞ്ഞ് ഏതാണ്ട് പൊടിയൊക്കെ വാങ്ങിച്ചു വന്നിരിക്കുന്നത്. 

അന്ന് ഗഫൂര്‍ക്കയ്ക്ക് രക്ഷയായത് ബാര്‍ബര്‍ ബാലന്‍ നടത്തിയ ഈ പ്രസ്താവനയാണ്. "ഞാനും ഗഫൂര്‍ക്കയും തമ്മില്‍ ആശയപരമായി പല വ്യത്യാസങ്ങളുമുണ്ട്, എങ്കിലും ഐറിഷ് കോഫി കൊടുക്കാന്‍ പറ്റില്ല എന്ന ഗഫൂര്‍ക്കയുടെ അഭിപ്രായത്തോട് എനിക്ക് പൂര്‍ണമായ യോജിപ്പാണുള്ളത്‌. കാരണം ഐറിഷ് കോഫി എന്ന, കോഫിയില്‍ ബ്രാണ്ടി ചേര്‍ത്തുണ്ടാക്കുന്ന ഈ പാനീയം ഈ ചായക്കടയില്‍ വില്‍ക്കുന്നത് ഗഫൂര്‍ക്കയുടെ മതവിശ്വാസത്തിനും നമ്മുടെ നാട്ടിന്‍റെ സാമൂഹികാന്തരീക്ഷത്തിനും ഒട്ടും ചേരുന്നതല്ല എന്നതാണ്."

എന്നാല്‍ ഇന്ന് ചിഞ്ചുമോള്‍ തന്നെ നേരിട്ട് ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ ഗഫൂര്‍ക്ക ചെറുതായൊന്നു പതറി. ഗഫൂര്‍ക്ക തന്‍റെ പതര്‍ച്ച പുറത്തു കാണിക്കാതെ അടുക്കളയിലോട്ടു നീങ്ങിയപ്പോള്‍ വിവരമില്ലാത്തവന്‍ ആ കഥ പറഞ്ഞു. 

"പണ്ട് എന്നുവെച്ചാല്‍ ഒരുപാട് പണ്ട്, ഈ മനുഷ്യരൊക്കെ ഉണ്ടായിത്തുടങ്ങിയ കാലത്ത്, എല്ലാവരും വിവരമില്ലാത്തവരായിരുന്നു. പിന്നീട് വിവരമുണ്ടായി. ആദ്യകാലത്ത് മനുഷ്യര്‍ തങ്ങളുടെ അറിവുകള്‍ പകര്‍ത്തിവെയ്ക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുമാണ്‌ വിവരങ്ങള്‍ ഉപയോഗിച്ചിരുന്നത്. പിന്നീടെപ്പോഴോ വിവരവും അറിവും തമ്മിലുള്ള വ്യത്യാസം അവര്‍ മറന്നു പോയി. അറിവുകള്‍ ഉണ്ടാക്കുന്നതിനു പകരമായി അവര്‍ വിവരങ്ങള്‍ കൂട്ടിവെയ്ക്കാന്‍ തുടങ്ങി. വിവരങ്ങള്‍ കൊണ്ട് കോട്ട പണിയാന്‍ തുടങ്ങി. ഈ വിവരക്കോട്ടയിലേക്ക് കാറ്റും വെളിച്ചവും കടക്കാതായി. ഈ കോട്ടക്കുള്ളില്‍ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങള്‍ ഇന്നും വിവരമില്ലാത്തവരായിത്തന്നെയാണ് ജനിക്കുന്നത്. പക്ഷെ അവരുടെ ഉള്ളിലേക്ക് പലവിധ സൂത്രങ്ങളുപയോഗിച്ച് വിവരങ്ങള്‍ കുത്തിനിറയ്ക്കുമ്പോള്‍ അവരും വിവരന്മാരായി മാറുന്നു. എന്നെന്നേയ്ക്കുമായി വിവരക്കോട്ടയില്‍ അകപ്പെടുന്നു."

കുറച്ചു സമയത്തേക്ക് ചിഞ്ചുമോള്‍ ഒന്നും മിണ്ടിയില്ല. ചിലപ്പോഴൊക്കെ ചിഞ്ചുമോള്‍ അങ്ങനെയുമാണ്. ചിഞ്ചുമോളുടെ ഈ സ്വഭാവം കാരണമാണ് പതിനെട്ടു തികഞ്ഞപ്പോള്‍ ബാപ്പയും ഉമ്മയും തലപുകഞ്ഞാലോചിച്ച് ചിഞ്ചുമോളെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ ഉമ്മുമ്മാന്‍റെ വീട്ടിലേക്കു കയറ്റി അയച്ചത്. ഉമ്മുമ്മാന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "ത്തിരി മനുഷ്യപ്പറ്റ് ഉണ്ടാക്കിയെടുക്കാന്‍". 

കാപ്പചീനോയും ചായയും പതുക്കെപ്പതുക്കെ തീര്‍ന്നുതുടങ്ങിയപ്പോള്‍ ചിഞ്ചുമോള്‍ വീണ്ടും ചോദിച്ചു. "ഈ വിവരവും അറിവും തമ്മില്‍ എന്താ വ്യത്യാസം?"

ഇതു കേട്ട ഗഫൂര്‍ക്കയുടെ ശബ്ദം അറിയാതെ ഉയര്‍ന്നു. "നേരം മഅരിബായില്ലേ? അനക്ക് വീട്ടിപ്പോകാനായില്ലേ ജമീലാ?" ചിഞ്ചുമോള്‍ ഗഫൂര്‍ക്കയെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് നടന്നു പോയി. ഇതു കേട്ടു കൊണ്ടാണ് ദാസന്‍ മുതലാളിയും ബാര്‍ബര്‍ ബാലനും കയറി വരുന്നത്. ഈ സമയത്ത് പത്രത്തില്‍നിന്ന് കണ്ണെടുത്ത പയ്യന്‍സ് അറിയാതെ ചോദിച്ചുപോയി "അല്ല ഈ കൊച്ചിന്‍റെ പേര് ജമീല ന്നാണോ?" ഗഫൂര്‍ക്ക അവനോടും ശബ്ദമുയര്‍ത്തി "അനക്കെന്താണ് ചെക്കാ ഇതില് കാര്യം?" 

"അവന്‍ ചോദിച്ചതിലും കാര്യമില്ലേ ഗഫൂര്‍ക്കാ? ആ കുട്ടിയുടെ പേര് ജമീല എന്നല്ലല്ലോ?" ബാര്‍ബര്‍ ബാലനാണ് അത് ചോദിച്ചത്. ഗഫൂര്‍ക്ക ഒന്നും മിണ്ടാതെ ബെഞ്ചിലിരുന്നു. കുറച്ചു സമയം മറുപടിയൊന്നും കിട്ടാതായപ്പോള്‍ ഗഫൂര്‍ക്കയുടെ അടുത്തിരുന്നു തോളില്‍ കൈ വെച്ച് ദാസന്‍ മുതലാളി അല്‍പം സൗമ്യമായി ചോദിച്ചു "ആരാ ഗഫൂര്‍ക്കാ ഈ ജമീല?". അല്‍പസമയം കൂടി മിണ്ടാതിരുന്ന ഗഫൂര്‍ക്ക പതുക്കെ ആ കഥ പറഞ്ഞു. ആ കഥ കേട്ട ബാര്‍ബര്‍ ബാലന്‍ അന്ന്‍ രാത്രി ദാസന്‍ മുതലാളീടെ വീട്ടിലിരുന്ന് അല്‍പസമയം കരഞ്ഞിട്ടാണ് തന്‍റെ വീട്ടില്‍ പോയത് - എന്ന് ദാസന്‍ മുതലാളീടെ ഭാര്യ അടുത്ത ദിവസം കാലത്ത് മീന്‍കാരന്‍ ഇന്ദ്രനോട് പറഞ്ഞുവത്രേ.











2013 ജൂൺ 10, തിങ്കളാഴ്‌ച

തുടക്കം

കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്. ഞാന്‍ അതായത് ഈ വിവരമില്ലാത്തവന്‍ നമ്മുടെ ഗഫൂര്‍ക്കയുടെ കടയില്‍ നിന്ന്‍ ഒരു ചായയും കുടിച്ച് വരുന്ന വഴി. അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത്. നമ്മുടെ വായനശാലേടെ കിഴക്കുവശത്ത് നല്ല മുട്ടനൊരാള്‍ക്കൂട്ടം. ഒരു എട്ടുപത്തുപേരു കാണും. അതിന്‍റെ ഒത്ത നടുക്കായിട്ടു നമ്മുടെ കണ്ണന്‍ മുതലാളീം ദാസന്‍ മുതലാളീം പിന്നൊരു പെട്ടീം. പെട്ടിക്കകത്ത് കണ്ണന്‍ മുതലാളി ദേ ഇപ്പൊ ചൂടോടെ വാങ്ങിച്ചോണ്ട് വരുന്ന പ്ലാസ്മ ടിവിയാണ്. ഈ പ്ലാസ്മ ടിവിയാണോ അതോ ദാസന്‍ മുതലാളീടെ വീട്ടിലിരിയ്ക്കുന്ന എല്‍സിഡി ടിവിയാണോ പരിസ്ഥിതിയ്ക്ക് കൂടുതല്‍ നല്ലത് എന്നതിനെപ്പറ്റി ഈ ആള്‍ക്കൂട്ടത്തെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബാര്‍ബര്‍ ബാലേട്ടന്‍. എന്നെ കണ്ടതും, ഡാ! വിവരമില്ലാത്തവനേ! വൈകീട്ടങ്ങു വന്നേക്കണേന്ന്‍ കണ്ണന്‍ മുതലാളീടെ വക ഒരു ക്ഷണവും.

ശരി! പാവം മുതലാളിമാരല്ലേ വിഷമിപ്പിക്കേണ്ട എന്നു വിചാരിച്ചാണ് വൈകീട്ട് കണ്ണന്‍ മുതലാളീടെ വീട്ടില്‍ ചെന്നുകയറിയത്‌. അവിടെ പ്ലാസ്മ ടിവിയുടെ മുന്പിലിരിയ്ക്കുന്നു സ്ഥലത്തെ പ്രധാന വിവരന്മാരായ കണ്ണന്‍ മുതലാളിയും ദാസന്‍ മുതലാളിയും ബാര്‍ബര്‍ ബാലനും. മൂന്നുപേരും ചേര്‍ന്ന് ചാനലുകള്‍ തോറും കയറിയിറങ്ങി വിവരങ്ങള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

വിഷയം: മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ. എഴുത്തുകാര്‍, സംവിധായകര്‍, നടന്മാര്‍ ഇതെല്ലാം കൂടി ചേര്‍ന്ന ചില മിശ്രിതന്മാര്‍ തുടങ്ങി നാനാവിധത്തില്‍പെട്ട വിവരന്മാര്‍ പരസ്പരം വിവരങ്ങളെറിഞ്ഞുകൊണ്ടിരിയ്ക്കുകയാണ് ടിവിയ്ക്കകത്ത്. ടിവിയ്ക്കു പുറത്തുള്ള വിവരന്മാര്‍ മൂന്നുപേരും കൂടി കുറച്ചുസമയംകൊണ്ട് പിടിച്ചെടുത്ത വിവരങ്ങള്‍ മുഴുവന്‍ അരച്ചുകലക്കി അരിച്ചെടുത്ത് ചില വല്ലാത്ത തീരുമാനങ്ങളിലെത്തി. അത് വലിയ കുഴപ്പവുമായി. മലയാളത്തിലെ സിനിമാക്കാര്‍ ലാറ്റിനമേരിക്കന്‍ പുസ്തകങ്ങള്‍ വായിക്കത്തതാണ് പ്രശ്നമെന്ന് ബാലേട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അതല്ല അവര്‍ ഇറാനിയന്‍ സിനിമകള്‍ കാണാത്തതാണ് കുഴപ്പമെന്നു കണ്ണേട്ടനും തറപ്പിച്ചുപറയുന്നു. ഈ പ്രശ്നം ഒന്നു രമ്യതയിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ദാസേട്ടന്‍. അപ്പോഴാണ്‌ അത് സംഭവിച്ചത്.

ഇത് മുന്‍പ് ഉണ്ടായിട്ടില്ലാത്തതാണ്. വിവരമില്ലാത്തവന്‍ ഇതിനേക്കാള്‍ വലിയ പല വിവരക്കേടുകളും കേട്ടിരുന്നിട്ടുണ്ട്‍. മുന്‍പ് ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ തന്‍റെയുള്ളില്‍ ചില വിവരമില്ലായ്മകള്‍ പൊങ്ങി വന്നിട്ടുണ്ട്, അതിനെയൊക്കെ അപ്പപ്പോള്‍ വിഴുങ്ങിക്കളഞ്ഞിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ എല്ലാം മാറ്റിമറിച്ചുകൊണ്ട് ചില വിവരമില്ലായ്മകള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. വിവരമില്ലായ്മ പണ്ടുമുതലേ അങ്ങനെയാണ്. അതിന്‍റെ സമയമായാല്‍ ഏതു പ്രതിസന്ധിയും തകര്‍ത്ത് അത് പുറത്തുവരും. അങ്ങനെ പുറത്തുവന്നാല്‍ അത് വിവരന്മാരെ പ്രകോപിപ്പിക്കുകയും ചെയ്യും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷെ പ്രകോപിതരായ വിവരന്മാര്‍ ഒരു കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടാണ്. വിവരമുള്ളവര്‍ സംസാരിക്കുമ്പോള്‍ വിവരമില്ലാത്തവന്‍ മിണ്ടരുത്.

അതായത്, വിവരന്മാര്‍ക്ക് എന്തും എപ്പോഴും എങ്ങനേയും പറയാം, പക്ഷെ വിവരമില്ലാത്തവന്‍ മാത്രം ഒന്നും മിണ്ടരുത് എന്ന്. നോക്കണേ കാര്യങ്ങളുടെ കിടപ്പ്. വിവരന്മാര്‍ തന്നെ എഴുതിയുണ്ടാക്കിയതെന്നവകാശപ്പെടുന്ന നമ്മുടെ ഭരണഘടനയില്‍ പോലും പറഞ്ഞിട്ടുണ്ടോ അഭിപ്രായസ്വാതന്ത്ര്യം വിവരന്മാര്‍ക്കു മാത്രമുള്ളതാണെന്ന്? ഈ ലോകത്ത് നീതിയും ന്യായവുമൊന്നുമില്ലെന്നു വിവരമില്ലാത്തവനറിയാം പക്ഷെ സംസാരിയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നുവച്ചാല്‍? അങ്ങനെ പലതും ചോദിയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷെ മിണ്ടാന്‍ പാടില്ലെങ്കില്‍ പിന്നെ എങ്ങനെ ചോദ്യം ചോദിയ്ക്കും? ജനാധിപത്യമര്യാദയുടെ ഭാഗമായി നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കാമായിരുന്നു. പക്ഷെ ഒരു വിവരമില്ലാത്തവന്‍ അത്രയ്ക്കു തരം താഴാമോ - എന്നു സംശയിച്ചുകൊണ്ട് മാന്യമായി ഒരു വാക്കൌട്ട് മാത്രം നടത്തി.

തല താഴ്ത്തി തിരിച്ചു നടക്കുമ്പോള്‍ വിവരമില്ലാത്തവന്‍റെ ഉള്ളില്‍ വീണ്ടും ചില വിവരമില്ലായ്മകള്‍ ഉണര്‍ന്നു. പണ്ടൊരിക്കല്‍ കുഞ്ചന്‍ എന്നു പേരായ ഒരു നമ്പ്യാര്‍ ഒരു രാത്രിയില്‍ ഇതുപോലൊരു വാക്കൌട്ട് നടത്തുകയും പിറ്റേന്ന് ഏതാണ്ടൊരു തുള്ളല്‍ കണ്ടുപിടിയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നല്ലോ. അതുപോലെ വല്ലതും ചെയ്താലോ എന്ന്. പക്ഷെ എവിടെ പോയി തുള്ളാന്‍? ആലോചനകളുടെ ഒടുവില്‍ വിവരമില്ലാത്തവന്‍ അത് തീരുമാനിച്ചു. വിവരന്മാരുടെ സ്വന്തം സാങ്കേതികവിദ്യയായ വിവരസാങ്കേതികവിദ്യയില്‍ത്തന്നെ കേറി തുള്ളിക്കളയാം എന്ന്‍.

ഈ വിവരന്മാരുടെ ലോകത്ത് വിവരമില്ലാത്തവര്‍ എന്നും മിണ്ടാതിരുന്നിട്ടേയുള്ളൂ. കാരണം വിവരന്മാരും വിവരമില്ലാത്തവരും തമ്മില്‍ ഒരു പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നു ഇത്രയും കാലം. ഇന്ന്‍ അത് ഇല്ലാതാകുമ്പോള്‍, വിവരമില്ലാത്തവര്‍ മിണ്ടാതിരിക്കുകയും വിവരമില്ലായ്മ എന്നെന്നേയ്ക്കുമായി ഈ ഭൂമിയില്‍ നിന്ന് മറഞ്ഞു പോവുകയും ചെയ്തേക്കാവുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്ന ഈ അവസരത്തില്‍ വിവരമില്ലാത്തവന്‍ ഇത് ചെയ്തേ പറ്റൂ. അതിനാല്‍ തന്നെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന എല്ലാ വിവരമില്ലാത്തവരോടുമായി വിവരമില്ലാത്തവന്‍ ഇതാ ആഹ്വാനം ചെയ്യുന്നു.

 "സര്‍വ്വലോക വിവരഹീനരേ ഉണരുവിന്‍. നിങ്ങളിലെ വിവരമില്ലായ്മയെ വിളിച്ചുണര്‍ത്തുവിന്‍‍"

വിവരന്മാരോട് വിവരമില്ലാത്തവന് യാതൊരു എതിര്‍പ്പുമില്ല. വല്ലപ്പോഴും അല്പം സഹതാപം തോന്നിയിട്ടുണ്ടാവാം. അതിനേക്കാള്‍ മോശമായി ഒന്നും തന്നെ ഇതുവരെ തോന്നിയിട്ടില്ല. ഇത് എഴുതുന്നത് വിവരന്മാരുടെ ലോകത്ത് അകപ്പെട്ടുപോയ വിവരമില്ലാത്തവര്‍ക്കു ഒരല്‍പ്പം ആശ്വാസം പകരുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. തന്‍റെ വിവരമില്ലായ്മ ഒരു കുറ്റമാണോ എന്ന് എപ്പോഴെങ്കിലും അറിയാതെ സംശയിച്ചുപോയിട്ടുള്ളവര്‍ക്ക് വേണ്ടി. വിവരമില്ലായ്മ ഒരല്‍പമെങ്കിലും ബാക്കിനില്‍ക്കുന്ന ഹൃദയങ്ങളില്‍ അല്‍പം ചൂടുപകര്‍ന്ന്‍ അതിനെ വിരിയിച്ചെടുക്കാന്‍. വിവരമില്ലായ്മയെന്ന മഹാസാഗരത്തിന്‍റെ കരയില്‍ കോളക്കുപ്പികളും പെറുക്കിനടക്കുന്നവരെ ഇതാ വിവരമില്ലാത്തവന്‍ ക്ഷണിക്കുകയാണ്, അവരുടെ വിവരക്കുപ്പായങ്ങളഴിച്ചുവെച്ച്  ആ മഹാസാഗരത്തിലാറാടാന്‍.

വിവരമില്ലാത്തവന്‍ തന്‍റെ പടയോട്ടം ഇവിടെ ആരംഭിക്കുകയാണ്, കുതിരപ്പുറത്തൊന്നുമല്ല, വിവരന്മാര്‍ എന്നും വിവരമില്ലാത്തത് എന്നു പറഞ്ഞു മാറ്റി നിര്‍ത്തിയിരുന്ന ഒരു കഴുതയുടെ പുറത്ത്. ചെവിയോര്‍ക്കുക ആ കഴുതക്കുളമ്പടികള്‍ക്കായി, ആ കുളമ്പടികള്‍ക്കടിയില്‍ പെട്ട് ഞെരിഞ്ഞമരുന്ന വിവരങ്ങളുടെയും ചില വിവരന്മാരുടെയും ദീനരോദനങ്ങള്‍ക്കായി.